മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും…

തിരുവനന്തപുരം : വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും.

പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊ ല്ലിയാണ് കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകള്‍ തുടരുന്നത്. ചില മന്ത്രിമാർ തങ്ങള്‍ക്ക് അനുവദിച്ച വകുപ്പുകളില്‍ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം.

കെ.സി. വേണുഗോപാല്‍ പക്ഷത്തുനിന്നുള്ള മന്ത്രി അനില്‍ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസില്‍ ചർച്ചകള്‍ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണി ച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നല്‍കാൻ സാധ്യതയുണ്ട്.

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുനല്‍കൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.

ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തില്‍, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി.

സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. “കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാകുന്ന ഒരാള്‍ തന്നെ ഫിഷറീസ് മന്ത്രിയായി വരണം” എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!