ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് കൂടുതൽ സൗകര്യവും പിഴഭാരം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ടുവന്ന പുതിയ ഭേദഗതികൾ ശ്രദ്ധേയമാണ്. ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ അത് ഉപയോഗിക്കാൻ അനുമതി നൽകുന്ന ഭേദഗതി കേന്ദ്ര സർക്കാർ മോട്ടോർവാഹന നിയമത്തിൽ കൊണ്ടുവന്നു. ഈ കാലയളവിൽ ലൈസൻസ് പുതുക്കാൻ അധിക ഫീസ് ഈടാക്കില്ല.

ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പുതുക്കിയാൽ, പഴയ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതിമുതൽക്കാണ് പുതുക്കിയ ലൈസൻസിന് പ്രാബല്യം ലഭിക്കുക. എന്നാൽ കാലാവധി കഴിഞ്ഞശേഷം പുതുക്കിയാൽ, പുതുക്കുന്ന തീയതിമുതൽക്കായിരിക്കും പ്രാബല്യം.

ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ലിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. മോട്ടോർവാഹന നിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

23 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിൽ ആകെ 784 ഭേദഗതികളാണ് ബിൽ വഴി വരുത്തുന്നത്. ഇതിൽ 1988ലെ മോട്ടോർവാഹന നിയമവും ഉൾപ്പെടുന്നു. നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി ശിക്ഷകൾ ലഘൂകരിക്കുന്നതും ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുകയും, അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തിയ ശേഷമാണ് ഇപ്പോൾ പുതുക്കിയ ബിൽ അവതരിപ്പിച്ചത്.

784 ഭേദഗതികളിൽ 717 എണ്ണം വ്യാപാര സൗകര്യം വർധിപ്പിക്കുന്നതിനും 67 എണ്ണം സാധാരണ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനുമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴകൾ പരിഷ്‌കരിക്കുകയും അപ്പീൽ സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ലൈസൻസ് പുതുക്കലിൽ ഇളവുകൾ നൽകുന്ന ഈ തീരുമാനം വാഹനമോടിക്കുന്നവർക്കു വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിയമങ്ങൾ ലളിതമാക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ ഭേദഗതികൾ റോഡ് സുരക്ഷയിലും ഭരണ കാര്യക്ഷമതയിലും മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!