കൊച്ചി: റിലീസിന് വളരെ മുൻപ് തന്നെ വലിയ ചർച്ചകൾക്ക് കാരണമായി പിന്നീട് നിരവധി പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമയാണ് മാളികപ്പുറം. 100 കോടി ക്ലബിലെത്തിയ ആദ്യ ഉണ്ണി മുകുന്ദൻ ചിത്രമെന്ന ഖ്യാതിയും ഇത് നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകരും ആരാധകരുമെല്ലാം. സംവിധായകൻ ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയും അടക്കമുള്ളവർ സമൂഹമാദ്ധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറത്തിൻ്റെ റിലീസ്. മറ്റ് ക്രിസ്മസ് -പുതുവത്സര റിലീസ് ചിത്രങ്ങളൊന്നും തന്നെ ബാധിക്കാതെ 40 ദിവസം കൊണ്ടായിരുന്നു മാളികപ്പുറം 100 കോടിയെന്ന നേട്ടത്തിലെത്തിയത്. കുഞ്ഞിക്കൂനൻ’ പോലുള്ള മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു വെള്ളിത്തിരയിലെത്തിച്ചത്. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
