തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ്. ഒരു കുടുംബത്തിൽ രണ്ടുപേർക്ക് കാബിനറ്റ് പദവി നൽകാനാവില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പായ സാഹചര്യത്തിൽ ജോസഫിനും കാബിനറ്റ് പദവി നൽകുന്നത് രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നേരത്തെ തന്നെ തർക്കങ്ങളും കടുത്ത അതൃപ്തിയും നിലനിന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന ജോസഫിന് യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉന്നത പദവിയും കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിരുന്നതായാണ് കേരള കോൺഗ്രസിന്റെ വാദം.
എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധ നേതാക്കൾക്ക് സുപ്രധാന പദവികൾ നൽകിയിട്ടും ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചിരുന്നു.
എന്നാൽ പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീണ്ടുപോയത് കേരള കോൺഗ്രസ് നേതൃത്വത്തിൽ അമർഷത്തിന് കാരണമായി. വയോജന കമ്മീഷൻ അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രധാന പദവികളാണ് ജോസഫിനായി കേരള കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. കാബിനറ്റ് റാങ്ക് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി നേതൃത്വം.
എന്നാൽ ഒരു കുടുംബത്തിൽ രണ്ട് കാബിനറ്റ് പദവികൾ എന്ന വിമർശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജോസഫിന് കാബിനറ്റ് റാങ്ക് നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ്..
