സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ‘CLICK’… പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടി…

കൊച്ചി : ആറ്റംബോംബ് പോലെ ലോകത്തെ നശിപ്പിക്കാനും ഊർജം ഉൽപാദിപ്പിക്കാനും കഴിയുന്ന കണ്ടുപിടിത്തമാണ് ഇന്റർനെറ്റെന്നും അതിന്റെ ഗുണവും ദോഷവും തിരിച്ചറിയണമെന്നും നടൻ മമ്മൂട്ടി.

സൈബർ കുറ്റകൃത്യങ്ങളെ സൈബർ സുരക്ഷയിലൂടെ തന്നെ പ്രതിരോധിക്ക ണമെന്നും ഓരോരുത്തരും സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരക്ഷാ പദ്ധതിയായ ‘CLICK’ന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ മമ്മൂട്ടി.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം മാത്രം പോരെന്നും സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് ഓരോരുത്തർക്കും അവബോധം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓരോരുത്തരും ക്ലിക്കിന്റെ ക്യാപ്റ്റന്മാരാകണം’ എന്നായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം.

സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന നിരവധി പേരുണ്ട്. മുഖമുള്ളവരും മുഖമില്ലാത്തവരുമുണ്ട്. ഇവരെ തിരിച്ചറിയാനും സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ CLICK പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ചടങ്ങിൽ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെയും രമേശ് ചെന്നിത്തല വിമർശിച്ചു.

മമ്മൂട്ടിയും സൈബർ ആക്രമണം നേരിടുന്നയാളാണെന്നും സമൂഹത്തിലെ എല്ലാവരും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് പൊലീസ് 54,000 സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 250ഓളം എൻജിനീയറിങ് കോളേജുകളിൽ സൈബർ സുരക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക, സുരക്ഷിതമായ ഡിജിറ്റൽ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് CLICK പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!