തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അടിയന്തര വിശദീകരണം തേടി.
സംഭവത്തെത്തുടർന്ന് ഡിജിപി ഗവർണറെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഗവർണർ ഇടപെട്ടത്.
ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെ സിപിഎം പ്രവർത്തകർ അക്രമാസക്തരായി പാഞ്ഞടുക്കുകയായിരുന്നു. വടികളും ഇഷ്ടികയും ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തകർത്തു. ആക്രമണത്തില്‍ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേല്‍ക്കുകയും മൂന്ന് വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇഡി സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി മൊഴി നല്‍കി.
അക്രമത്തില്‍ പങ്കെടുത്തവരെ കണ്ടെത്താൻ പോലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ പാർട്ടി ഓഫീസില്‍ ഒളിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം അവിടെ എത്തിയെങ്കിലും തുടക്കത്തില്‍ നേതാക്കള്‍ പ്രവേശനം തടഞ്ഞു. പിന്നീട് എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഗവർണർ അടിയന്തര വിശദീകരണം തേടി
