ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാന യാത്രയിൽ ആവേശഭരിതരായി രാമഭക്തർ. ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടുമാണ് ഭക്തർ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിച്ചത്. ഉച്ചയോടെ അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നും ആദ്യ വിമാനം പുറപ്പെട്ടത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമായി അയോദ്ധ്യയിൽ ഇറങ്ങുന്നത്. ആദ്യ യാത്രയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാമഭക്തരാണ് പങ്കാളികൾ ആകുന്നത്. അയോദ്ധ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചതിന് പിന്നാലെ ഇവർ ജയ് ശ്രീരാം മുഴക്കുകയായിരുന്നു. രാമമന്ത്രങ്ങളും ഉരുവിട്ടു. അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് യാത്രികർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.