എൽപിഎസ്‌ടി സമരം: യുഡിഎഫിലുള്ള പ്രതീക്ഷ അസ്തമിച്ചു…. സർക്കാരിനെതിരെ വളർമതി…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്തതിൽ യുഡിഎഫ് സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സമരസമിതി നേതാവ് വളർമതി.

പൊലീസ് സമരക്കാരെ ശത്രുപക്ഷത്ത് നിർത്തിയാണ് കേസെടുക്കുന്നതെന്ന് വളർമതി ആരോപിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചെന്നും അവർ പ്രതികരിച്ചു. മറ്റ് പാർട്ടികൾ അധികാരത്തിലെത്തുമ്പോൾ യുഡിഎഫ് മധുരവാക്കുകൾ പറയുമെന്നും ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയാണെന്നും വളർമതി വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ കാരണമാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്ന കാര്യം മറക്കരുത്. നീതിക്കുവേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അവർ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത മന്ത്രി ഒ.ജെ. ജനീഷിനും എംപി ഷാഫി പറമ്പിലിനുമെതിരെ കേസെടുക്കാത്തതിലും വളർമതി ചോദ്യം ഉന്നയിച്ചു.

പൊലീസിനെതിരെ വാർത്ത വന്നതുകൊണ്ടാണ് കേസെടുത്തതെന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാൽ സമരപ്പന്തലിലെ കനോപ്പി പൊളിക്കാൻ ശ്രമിച്ചതിനെതിരെയാണ് തങ്ങൾ വിമർശനം ഉന്നയിച്ചതെന്നും അവർ വിശദീകരിച്ചു. അതേസമയം, സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധജാഥ നടത്തിയതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന അമ്പതുപേർക്കുമെതി രെയാണ് കേസ്. സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

എൽപിഎസ്‌ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതിഷേധിച്ച് വളർമതി തലമുണ്ഡനം ചെയ്തിരുന്നു. സമരക്കാർക്ക് നൽകിയ ഉറപ്പുകളിൽ സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വളർമതി വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുന്നതെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!