കണ്ണീരോടെ ദേവേന്ദുവിന് യാത്രാമൊഴി…

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടു വയസ്സുകാരി മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു വെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമാകുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുവീട്ടിലെത്തിച്ചു.

നാടൊന്നാകെ കണ്ണീരോടെ ദേവേന്ദുവിനെ അവസാനമായി ഒരിക്കല്‍ കൂടി കാണാനൊഴുകിയെത്തിയിരുന്നു. അനുജത്തിയുടെ മരണകാരണമോ, കാരണക്കാരോ ആരെന്നറിയാതെ സഹോദരിയും കണ്ണീരോടെ സമീപത്തുണ്ട്. പ്രതിപട്ടികയില്‍ അമ്മയും ബന്ധുക്കളുമുള്ളതിനാല്‍ തുടർനടപടികള്‍ എങ്ങനെയെന്നതില്‍ വ്യക്തത വരുന്നേയുള്ളൂ.

അതേസമയം, സംഭവത്തില്‍ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേർത്തുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റെെയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.

ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!