കോഴിക്കോട് : കൂമ്പാറയിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്ന് വരികയായിരുന്ന ട്രാവലർ മേലേ കൂമ്പാറയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലെ ഡിവൈഡറിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച ശേഷം ഒരു തെങ്ങിലും വാഹനം ഇടിച്ചാണ് മറിഞ്ഞത്. ഇതോടെ അപകടത്തിന്റെ ആഘാതം കുറഞ്ഞതായി നാട്ടുകാർ പറഞ്ഞു. അല്ലായിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
പരിക്കേറ്റ കുട്ടികളടക്കം 11 പേരെ മുക്കത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ മിക്കവർക്കും ശരീരത്തിൽ ഒടിവുകളും ചതവുകളുമുണ്ട്. അപകടത്തിൽപ്പെട്ടത് മലപ്പുറം കാളികാവ് സ്വദേശികളാണ്.
