ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിച്ചു, ഐക്യം തകർത്തു; കെ ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഓഫീസർ കെ ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നൽകിയത്. ഗുരുതര ആരോപണങ്ങളാണ് മെമ്മോയിലുള്ളത്.

സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകൾ പാകി. ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ മെമ്മോയിലുണ്ട്.

ഗോപാലകൃഷ്ണന്റെ പ്രവൃത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നു മെമ്മോയിൽ വിമർശനമുണ്ട്. ഫോൺ ഹാക്ക് ചെയ്തു ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മില്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രുപ്പുകൾ ഉണ്ടാക്കി. ഫോറൻസിക് പരിശോധനയ്ക്കു മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്തു തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ വിമർശനമുണ്ട്.

30 ദിവസത്തിനുള്ളിൽ കെ ഗോപാലകൃഷ്ണൻ മറുപടി നൽകണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും മെമ്മോയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!