ആക്രമണവാസന പതിവായി…പടയപ്പയെ…

മൂന്നാർ : ആക്രമണവാസന പതിവായതോടെ കാട്ടാന പടയപ്പയെ നിരീക്ഷിക്കാൻ വനംവകുപ്പ് മൂന്നാർ ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) സംഘത്തെ നിയോഗിച്ചു. 2 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പടയപ്പയെ നിരീക്ഷിച്ച് നീക്കങ്ങൾ വിലയിരുത്തുമെന്നു ദേവികുളം റേഞ്ചർ പി.വി.വെജി പറഞ്ഞു. തോട്ടം മേഖലയിലെ ജനവാസകേന്ദ്രത്തിൽ കറങ്ങിനടക്കുന്ന പടയപ്പ ഈയിടെയായി ചെറിയതോതിൽ അക്രമസ്വഭാവം കാണിക്കുന്നുണ്ട്. 18നു പുലർച്ചെ തലയാറിൽ മറയൂർ സ്വദേശി ബിബിൻ ജോസഫിന്റെ ഓട്ടോറിക്ഷ പടയപ്പ അടിച്ചുതകർത്തിരുന്നു. ഒരു മാസം മുൻപു തലയാർ, എക്കോ പോയിന്റ്, ഗൂഡാർവിള, ഗുണ്ടുമല എന്നിവിടങ്ങളിൽ പടയപ്പയിറങ്ങി 2 വഴിയോരക്കടകളും 5 ഷെഡുകളും നശിപ്പിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞദിവസം സ്കൂൾ ബസിനു നേരെ പടയപ്പ പാഞ്ഞടുത്തതു പ്രകോപനമുണ്ടായതു മൂലമാണെന്ന ആരോപണം ശക്തമായി. ബസിനു കടന്നുപോകാൻ പാകത്തിൽ പാതയോരത്തുനിന്നു മാറി കാട്ടിൽ നിന്നിരുന്ന പടയപ്പ, സ്കൂൾ ബസ് അടുത്തെത്തി ഇരപ്പിച്ചതു മൂലമുണ്ടായ പ്രകോപനം മൂലമാണു ബസിനു നേരെ തുമ്പിക്കൈ ഉയർത്തി പാഞ്ഞടുത്തതെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽനിന്നു തന്നെ വ്യക്തമാണെന്നു ചിലർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!