മലപ്പുറം : മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രംഗത്ത്. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണം. വനിത ലീഗിനെ സ്ഥാനാർത്ഥി പട്ടികയിൽ അവഗണിച്ചു. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
വനിത ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല. വനിത ലീഗ് അണികളുടെ വേദനയാണ് പങ്കുവെച്ചത്. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എൻ്റെ വ്യക്തിത്വം ഇല്ലാതാവും. സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ല. ലീഗിൻ്റെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും നൂർബിന കുറ്റപ്പെടുത്തി. താൻ ലീഗിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്. സ്ഥാനമാനങ്ങൾ ലക്ഷ്യം വച്ചല്ല സംസാരിക്കുന്നത്. സംഘടനയെ എല്ലാകാലത്തും സംരക്ഷിച്ചിട്ടുണ്ട്. എത്ര വലിയ പോസ്റ്റുകൾ ആര് വാഗ്ദാനം ചെയ്താലും പാർട്ടി വിടില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
