പാകിസ്ഥാനില്‍ കളിക്കില്ല, കട്ടായം! നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക് ബോര്‍ഡിന് മുന്നില്‍ കൈ മലര്‍ത്തി ഐസിസിയും
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം നടക്കുന്ന പോരാട്ടത്തിന് പാകിസ്ഥാനാണ് വേദിയാകുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കണമെന്ന കടുത്ത നിലപാടുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനില്‍ മാത്രമായി ടൂര്‍ണമെന്റ് നടത്താന്‍ ഐസിസി തീരുമാനം എടുത്താല്‍ ഇന്ത്യ ടൂര്‍ണമെന്റ് കളിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തി ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്ന് ചേര്‍ന്ന ഐസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യത്തില്‍ സമവായം കണ്ടെത്താനും സാധിച്ചിട്ടില്ല. ഇതോടെ യോഗം നാളേയ്ക്ക് മാറ്റിയിരുന്നു. അതിനിടെയാണ് ഇന്ത്യ നിലപാടറിയിച്ച് രംഗത്തെത്തിയത്.
