കോട്ടയം : ആർപ്പൂക്കര അംബേദ്കർ ബോട്ട് ജെട്ടി അപകടാവസ്ഥയിൽ. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജെട്ടിയാണിത്.
അംബേദ്ക്കർ ജെട്ടിയിലെ അപകടാവസ്ഥ ഒഴിവാക്കൻ ആർപ്പൂക്കര പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന മണിയാപറമ്പ് റൂട്ടില്ലുളളതാണ് അംബേദ്ക്കർ ജെട്ടി. ഇത് അപകടാവസ്ഥയിലായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ കണ്ണടച്ച് നില്ക്കുകയാണ്. യാത്രക്കാർ ബോട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജെട്ടിയിലെ കോൺക്രീറ്റ് സ്ലാബ് തെന്നിമാറി നില്ക്കുകയാണ്.
ബോട്ട് ജെട്ടിയിൽ അടുത്ത് യാത്രക്കാരെ കയറ്റുന്ന സമയത്ത് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. സ്ക്കൂൾ കുട്ടികൾ അടക്കം മറ്റ് യാത്രക്കാരും ആശ്രയിക്കുന്ന ജെട്ടിയാണ് അംബേദ്ക്കർ ജെട്ടി. ജെട്ടി അപകടാവസ്ഥയിൽ ആയതിനെ തുടർന്നു നിലവിൽ ബോട്ട് ഈ ജെട്ടിയിൽ അടുക്കുന്നില്ല. മണിയാപറമ്പ് റൂട്ടിലെ മിക്ക ജെട്ടികൾക്കും താങ്ങു കുറ്റികൾ ഇല്ലാത്ത അവസ്ഥയാണ്. അടിയന്തിരമായി ഈ വിഷയങ്ങളിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് സ്രാങ്ക് അസോസിയേഷൻ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റിനു പരാതി നല്കി.
പ്രതിഷേധ യോഗത്തിൽ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി യോഗം ഉത്ഘാടനം ചെയ്തു. മറ്റ് കമ്മറ്റി അംഗങ്ങളായ കിഷോർ, സജി എച്ച്, സൂരജ് , കെ കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
