കൊല്ലം : കടയ്ക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ട്യട്ടോറിയല്‍ കോളെജ് പ്രിന്‍സിപ്പാൾ പിടിയില്‍.
മുക്കുന്നു സ്വദേശി അഫ്സല് ജമാലാണ് അറസ്റ്റിലായത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് സംഭവം.
സ്കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാളായ അഫ്സല് ജമാല്‍ കടന്നു പിടിച്ചെന്നാണ് പരാതി. പ്രതിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. പിന്നാലെ പ്രതി ഒളിവില്‍ പോയി. പോലീസ് നടത്തിയ തെരച്ചിലില്‍ അഫ്സല് ജമാല്‍ പിടിയിലാവുകയായിരുന്നു.
പെണ്‍കുട്ടിയോട് അഫ്സല് നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടു ണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.