കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു; നടൻ പരീക്കുട്ടി അറസ്റ്റിൽ

തൊടുപുഴ: എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയിൽ. മുൻ ബിഗ് ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീൻ, വടകര സ്വദേശി പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കൽ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വാഗമൺ റൂട്ടിലായിരുന്നു വാഹന പരിശോധന. കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. ജിസ്‌മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്സൈസ് ഇവരെ പിടികൂടിയത്. ജിസ്‌മോൻ ആണ് കേസില്‍ ഒന്നാം പ്രതി.

ഹാപ്പി വെഡിങ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.

എക്‌സൈസ് റേഞ്ച് ഓഫിസർ കെ അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ, എ എൽ സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം ടി ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!