പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം…താക്കീതുമായി ഹൈക്കോടതി…

കൊച്ചി : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ കർശന താക്കീതുമായി ഹൈക്കോടതി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് വിധി.ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടിക്ക് നിർദേശിച്ചത്.

ക്ഷേത്രത്തിൽ സംഭവിച്ചത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമിലാണ് ബിരിയാണി വിളമ്പിയത്. ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ബിരിയാണി വിതരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!