തിരുവനന്തപുരം : സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ നടപടിയിലേക്ക്.
സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും ബംഗളൂരുവിലും ഉള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 12 അക്കൗണ്ടുകളിലായി 8.36 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചു.
ഇ.ഡി പരിശോധനയിൽ പിണറായി വിജയന്റെ വീട്ടിൽ നിന്നും വീണയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാങ്ക് നിക്ഷേപങ്ങളുടെ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇ.ഡി ഈ നടപടിയിലേക്ക് കടന്നത്.
കണ്ണൂരിലെ പിണറായി വിജയന്റെ വീട്, കോഴിക്കോട്ടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എൽ ഓഫീസുകൾ, എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇന്നലെ ഇ.ഡി സംഘം പരിശോധന നടത്തിയത്.
അതിനിടെ ഹൈക്കോടതി അനുമതിയോടെ പരിശോനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഎം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ അപായപ്പെടുത്താൻ നടന്ന നീക്കങ്ങൾ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും വിനയാകുമോയെന്ന ആശങ്കകളും ഉയരുന്നുണ്ട്.
