കൂരോപ്പട : മാലിന്യ സംസ്ക്കരണത്തിന് ഗാന്ധിജി ജീവിതത്തിൽ പകർത്തിയ ആശയങ്ങൾ നമ്മളും പിന്തുടരണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസ്താവിച്ചു. കൂരോപ്പട പഞ്ചായത്തിൽ
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതിനും തരം തിരിക്കുന്നതിനുമായി ചാത്തൻ പാറയിൽ നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എം.സി.എഫ്) ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. എം.സി.എഫിന്റെ വിപുലീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ , പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ആശാ ബിനു, സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, ബാബു വട്ടുകുന്നേൽ, പി.എസ്.രാജൻ, സന്ധ്യാ ജി നായർ, സോജി ജോസഫ് , രാഷ്ട്രീയ നേതാക്കളായ വർഗീസ് താഴത്ത്, എം.ജി ഗോപാലകൃഷ്ണൻ നായർ , എം.പി അന്ത്രയോസ്, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾ, അസി.എഞ്ചിനിയർമാരായ അരുൺ എസ് , ധന്യാ കെ.ബി, കുടുംബശ്രീ പ്രതിനിധി ജോബി ജോൺ , കുടുംബശ്രീ ചെയർ പേഴ്സൺ അന്നമ്മ ഉലഹന്നാൻ, ഹരിത കർമ്മസേനാ സെക്രട്ടറി ശശികല ആർ തുടങ്ങിയവർ പ്രസംഗിച്ചു.
എം.സി.എഫ് പ്രവർത്തന സജ്ജമാവുന്നതോടെ പ്ലാസ്റ്റിക് , കുപ്പിച്ചില്ല്, ചെരുപ്പുകൾ തുടങ്ങിയവ 17 വാർഡുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിന് കഴിയും. മാലിന്യ നിർമ്മാർജ്ജന രംഗത്തെ പ്രശ്നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് എം.സി.എഫ് നിർമ്മിച്ചത്. 24 സെന്റ് സ്ഥലം 16 ലക്ഷം രൂപാ ഉപയോഗിച്ച് 2021 സെപ്റ്റംബറിലാണ് പഞ്ചായത്ത് വാങ്ങിയത്.
