മൗണ്ട് മൗന്‍ഗനൂയി : ജയ-പരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 187ന് ഓള്‍ഔട്ടായി.
31 റണ്‍സ് നേടിയ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് പിഴുതു. ജയത്തോടൊപ്പം 3-1ന് ഇന്ത്യ പരമ്പരയും പിടിച്ചു.

കഴിഞ്ഞ ദിവസം അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ കൗമാര സംഘം നേടിയ വിജയത്തെ അനുസ്മരിപ്പിക്കും വിധം ആവേശഭരിതമാ യിരുന്നു ബേ ഓവലിലെ മത്സരം.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209ന് പുറത്തായതോടെ, കളി കൈവിട്ടെന്ന പ്രതീതി ഉയര്‍ന്നിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറാം ഓവറില്‍ ഓപണര്‍ ടിം സെയ്ഫര്‍ടിന്റെ (14) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കിവികള്‍ അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരുത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ആതിഥേയര്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
മുൻനിര ബാറ്റർമാരെ ക്രീസിൽ നിലയുറപ്പിക്കാനനുവദിക്കാതെ അർഷ്ദീപും സിറാജും മിന്നിച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ വില്‍ യങ്ങിന് 22 റണ്‍സ് മാത്രമാണ് നേടാനായത്. നിക്ക് കെല്ലി (24), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (34) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഏറെനേരം നീണ്ടില്ല.
ഫിന്‍ അലനെ (1) മുഹമ്മദ് സിറാജ് വന്ന വേഗത്തില്‍ തിരിച്ചയച്ചു. മധ്യനിരയില്‍ മൈക്കല്‍ ബ്രേസ്വെലിനെ (19) ആക്വിബ് നബി പറഞ്ഞയച്ചു. മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് ജയപ്രതീക്ഷ സമ്മാനിച്ചു. ഏഴാം വിക്കറ്റിൽ ക്രിസ്റ്റ്യൻ ക്ലാർക്കുമൊത്ത് കിവീസ് ക്യാപ്റ്റൻ ടീമിനെ 150 കടത്തി. സാന്റ്‌നറെ (24) നമൻ ധിർ മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.
ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (16), ബ്ലയര്‍ ടിക്ക്‌നര്‍ (14) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു. ജേക്കബ് ഡഫിയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്.
ഗൗതം ഗംഭീർ പരിശീലകനായ ശേഷം വിദേശ മണ്ണിൽ ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ന്യൂസീലൻഡിൽ ആതിഥേയർക്കെതിരെ ഇന്ത്യ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണിത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് സ്വന്തം നാട്ടിൽ ന്യൂസിലൻഡ് ഒരു ഏകദിന പരമ്പര തോൽക്കുന്നത്.
