പൊട്ടനാണ് പ്രാന്തന്‍, ആ പ്രാന്ത് എനിക്ക് ഇല്ല’; എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല; എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍

മലപ്പുറം: എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘പൊട്ടനാണ് പ്രാന്തന്‍. ആ പ്രാന്ത് എനിക്ക് ഇല്ല. ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ , ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എംഎല്‍എ ഉണ്ടാവും. അതിന് അടിയില്‍ വെറെ എന്തെങ്കിലും സംഭവിച്ചാല്‍ ഓകെ. എംഎല്‍എ ഇപ്പോ രാജിവെയ്‌ക്കോ, എംഎല്‍എ ഇപ്പോ രാജിവെയ്‌ക്കോ ആ പൂതി ആര്‍ക്കും വേണ്ട’- പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. കോണ്‍ഗ്രസും സിപിഎമ്മും ലീഗും തമ്മില്‍ നെക്‌സസ് ഉണ്ട്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പറഞ്ഞത് അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കില്ല എന്നാണ്. ഇവരെ കണ്ടല്ല ഞാന്‍ നടക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല’- അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍

സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍  പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

‘കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എട്ടു മാസം മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി ശശിയും എഡിജിപിയും ചതിക്കുമെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാനുണ്ട്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. നീ പറയൂ എന്ന് പറഞ്ഞു. 2021 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് സിഎമ്മിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കത്തിജ്വലിച്ചിരിക്കുന്ന ഒരു സൂര്യന്‍ ആയിരുന്നു സിഎം. പക്ഷേ സിഎം അറിയുന്നില്ല ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സൂര്യന്‍ കെട്ടുപോയി കേരളത്തിലെ പൊതുസമൂഹത്തില്‍. നെഞ്ച് തട്ടിയാണ് പറയുന്നത്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സിഎം അറിയുന്നില്ല. അത് തിരിച്ചുകയറിയിട്ടുണ്ട് പൂജ്യത്തില്‍ നിന്ന്. 25 ശതമാനം മുതല്‍ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങള്‍ക്കും കമ്മ്യൂണിസ്‌റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. മുഴുവന്‍ കാരണക്കാരന്‍ അവനാണ് സിഎമ്മേ. പി ശശിയുടെ കാബിന്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു’- പി വി അന്‍വര്‍ എംഎല്‍എ ആഞ്ഞടിച്ചു.

മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാർട്ടിയിലും വിശ്വാസമില്ല’

താൻ എഴുതി നൽകിയ പരാതിയിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിച്ചതായും പി വി അൻവർ ആരോപിച്ചു. ഇന്നലെ വരെ പാർട്ടിൽ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് അവസാനിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ പരാതിയിൽ കേസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നത്. എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വർണം പൊട്ടിക്കൽ കേസിലും അന്വേഷണം കാര്യക്ഷമമല്ല. എഡിജിപി എം ആർ അജിത് കുമാറിനെതിരായ കേസ് അേേന്വഷണവും ശരിയായ ദിശയിലല്ല. ഉന്നയിച്ച വിഷയങ്ങളിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമുള്ളപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ കുറ്റവാളിയാക്കുകയാണ്. പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പാർട്ടിയിൽ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഇന്നലെത്തോടെ ആ വിശ്വാസവും ഇല്ലാതായി. പി ശശിക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെങ്കിൽ അതിന്റെ അർഥം പരാതി ചവറ്റുകുട്ടയിൽ എന്നല്ലേ. ഇത് എനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. നീതിപൂർവ്വമായ ഒന്നും നടക്കുന്നില്ല. പരാതിയുമായി നിയമവഴിയിലേക്ക് നീങ്ങും. ഹൈക്കോടതിയെ സമീപിക്കും’- അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!