തൃശൂർ : പാലക്കാട്ടെ വൻ പൊതുസമ്മേളനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് കരുത്തുപകരാൻ സ്വരാജ് ഗ്രൗണ്ടിൽ നടന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി മോദിയെ കാണാനായി പുലർച്ചെ മുതൽ തന്നെ ആളുകൾ തൃശൂർ നഗരത്തിലേക്ക് എത്തിയിരുന്നു. വൻ ജനാവലിയാണ് റോഡ് ഷോയിൽ പങ്കെടുക്കാനായി നഗരത്തിൽ എത്തിയിരുന്നത്.
പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളേജ് ഹെലിപാഡിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് കാർ മാർഗ്ഗമാണ് അദ്ദേഹം റോഡ് ഷോ നടക്കുന്ന സ്വരാജ് ഗ്രൗണ്ട് പരിസരത്തേക്ക് എത്തിയത്.
തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ , അഡ്വ. അനീഷ്, സി.സി. മുകുന്ദൻ എന്നിവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിയോ ടൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു.
പാലക്കാട് വികസനത്തിന്റെ ‘മോദി ഗ്യാരന്റി’ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം തൃശൂരിലെത്തിയത്. കൽപ്പാത്തിയെ കാശിയോട് ഉപമിച്ച അദ്ദേഹം, കേരളത്തിന്റെ അതിവേഗ വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. കേരളത്തിലെ മഹാന്മാരെ പേരെടുത്ത് പരാമർശിച്ചായിരുന്നു പാലക്കാട്ടെ അദ്ദേഹത്തിന്റെ പ്രസംഗം.
