പാമ്പാടി : യുദ്ധങ്ങൾ സ്വാർത്ഥ ചിന്താഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ.
ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പാമ്പാടി മാർ കുറിയാക്കോസ് ദയറായിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ.
ഏവരെയും വിനയത്തോടെ ചേർത്തുപിടിച്ചു എന്നതിനാലാണ് ക്രിസ്തു ലോകരക്ഷകനാകുന്നത്. എന്നാൽ ഇന്ന് മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിക്കുകയാണ്. മതത്തിന്റെ മുദ്രകുത്തിയാണ് രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളെപ്പോലും നിർണയിക്കുന്നത്.
ജനിച്ചശേഷമാണ് മനുഷ്യൻ മതത്തിലാകുന്നത്. അതിനാൽ മതമല്ല സാഹോദര്യമാണ് മനുഷ്യകുലത്തിന്റെ അടിസ്ഥാന തത്വം. മതത്തിൻ്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നതും നിഗ്രഹിക്കുന്നതും നിന്ദ്യമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
പമ്പാടി ദയറായിൽ രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടന്നു. ദയറാ മാനേജർ ഫാ. മാത്യു ഏബ്രഹാം, ഫാ. പി.ഐ വർഗീസ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി ഓശാനപ്പെരുന്നാൾ ശുശ്രൂഷയിൽ സംബന്ധിച്ചു.
