രാജാക്കാട് : ചിന്നക്കനാൽ, ആനയിറങ്കൽ, പെരിയ കനാൽ മേഖലകളിൽ നാശം വിതച്ചിരുന്ന രണ്ട് കാട്ടാനകളാണ് ഒറ്റയാൻ മാരായ ചക്കക്കൊമ്പനും മുറിവാലനും. ഈ രണ്ട് ഒറ്റയാൻമാരാണ് ഒരാഴ്ച മുൻപ് തമ്മിൽ ഏറ്റുമുട്ടിയത്.
ഇതിൽ മുറിവാലൻ്റെ പിൻഭാഗത്ത് ചക്കക്കൊമ്പൻ്റെ കുത്തേറ്റിരുന്നു. ആഴത്തിലുള്ള ഈ മുറിവ് പഴുത്തു തുടങ്ങിയതാണ് ഗുരുതരാവസ്ഥയാകാൻ കാരണം. ചിന്നക്കനാൽ വിലക്ക് ഭാഗത്തുനിന്നും ഉദ്ദേശം അര കിലോമീറ്റർ അകലെ വനത്തിനുള്ളിൽ അവശനിലയിൽ കിടന്ന മുറിവാലനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വനം വകുപ്പിലെ വെറ്ററിനറി ഡോക്ടർ അനുരാജിൻ്റെ നേതൃത്വത്തിൽ ചികിത്സ നടത്തിവരികയാണ്. മുറിവ് ആഴത്തിലുള്ളതാണെന്നും അത് പഴുത്തതിനാൽ ഗുരുതരമാണെന്നുമാണ് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയത്.