ന്യൂഡല്‍ഹി : പാരിസ് ഒളിംപിക്‌സ് വെങ്കലത്തിലേക്ക് ടീമിനെ നയിച്ച് ഐതിഹാസികമായ ഹോക്കി കരിയറിന് വിരാമമിടാന്‍ മലയാളി താരം പിആര്‍ ശീജേഷിനു സാധിച്ചിരുന്നു. താരം കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ ശ്രീജേഷ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ടു. എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം- എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കിട്ടത്. ശ്രീജേഷിന്റെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരന്‍ എന്നിവരാണ് മോദിയെ സന്ദര്‍ശിച്ചത്.
മകനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന, മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന മോദിയുടെ ചിത്രങ്ങളും പങ്കിട്ടവയില്‍ ഉണ്ട്. പ്രധാമന്ത്രി മോദി ശ്രീജേഷിന്റെ മകനു മധുരം നല്‍കുന്ന ചിത്രവുമുണ്ട്.
വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിനു ആദരമായി ഇന്ത്യന്‍ ഹോക്കി അദ്ദേഹം കരിയറില്‍ അണിഞ്ഞ 16ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരുന്നു. മുന്‍ നായകനൊപ്പം ജേഴ്‌സിയും വിരമിച്ചു. 18 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനു വിരാമം കുറിച്ച ശ്രീജേഷിനെ നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി നിയമിച്ചിട്ടുണ്ട്.
