ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ല: ഇറാന്‍

ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ‘ഞങ്ങള്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല’. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ആദ്യം എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്. ഭ്രാന്തമായ പ്രവൃത്തികള്‍ നടത്തുന്ന ട്രംപ് തന്റെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഇസ്രയേല്‍ ആദ്യം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് ലാരിജാനി കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ അധികാരമോഹത്തിനായി അമേരിക്ക തങ്ങളുടെ സൈനികരെ ബലികഴിക്കുകയാണ്. പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇറാന്‍ സായുധസേന ആക്രമണം ആരംഭിച്ചിട്ടില്ലെന്നും അലി ലാരിജാനി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അന്താരാഷ്ട്ര മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് ലാരിജാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, കുവൈത്ത് വ്യോമാതിർത്തിയിൽ വച്ച് ഒരു അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാൻ ആക്രണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!