ബദ്രിനാഥിന് പുതിയ റാവൽ; 24-ആം റാവൽ ആയി അമർനാഥ് നമ്പൂതിരി ചുമതലയേൽക്കും

ബദ്രിനാഥിലെ 24-ാമത്തെ റാവലായി അമര്‍നാഥ് നമ്പതിരി ജൂലൈ 14 ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ റാവലായ ഈശ്വർ പ്രസാദ് നമ്പൂതിരി ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ക്ഷേത്രം വിടുന്നത്. പുതിയ റാവലിന്റെ അഭിഷേകത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടന്നു വരികയാണ്.

ജൂലൈ 13-ന് അമര്‍നാഥ് നമ്പൂതിരിയുടെ പ്രവേശനത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന ‘ടില്‍-പത്ര’യോടെ പിന്തുടർച്ചാവകാശ ചടങ്ങുകള്‍ ആരംഭിക്കും. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പൂജയില്‍ പുതിയ റാവല്‍ ക്ഷേത്രപരിസരത്ത് ഔദ്യോഗികമായി പ്രവേശിക്കും. ജൂലൈ 14-ന് രാവിലെ ബദ്രിനാഥ് ക്ഷേത്രത്തില്‍ ബാല്‍-ഭോഗ് പൂജകള്‍ നടത്തി ദേവന് പ്രസാദം അർപ്പിക്കും. തുടർന്ന് ഈ പ്രസാദം കുട്ടികള്‍ക്ക് വിതരണം ചെയ്യും.

ഇപ്പോഴത്തെ റാവലായ ഈശ്വർ പ്രസാദ് നമ്പൂതിരിയാണ് ഈ ചടങ്ങുകള്‍ ചെയ്യേണ്ടത്. അവസാനമായി തന്റെ പിന്തുടർച്ചാവകാശിയായ അമർനാഥ് നമ്പൂതിരിയെ റാവലായി അഭിഷേകം ചെയ്തതിന് ശേഷം ഈശ്വർ പ്രസാദ് നമ്പൂതിരി ചുമതല ഒഴിയും. ബദ്രിനാഥിലെ റാവലുകളെ തിരഞ്ഞെടുക്കേണ്ടത് കേരളത്തിൽ കണ്ണൂരിലെ നമ്പൂതിരി സമുദായത്തില്‍ നിന്നാണ്.

ബദ്രിനാഥും കേദാർനാഥും പുനഃസ്ഥാപിച്ചതിന് ശേഷം ശങ്കരാചാര്യരാണ് ഈ നിയമം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ബദ്രിനാഥിലെ ആദ്യത്തെ റാവല്‍ ഗോപാല്‍ നമ്പൂതിരിയായിരുന്നു. 1776 മുതല്‍ 1785 വരെയാണ് ഇദ്ദേഹം റാവലായി പൂജകള്‍ ചെയ്തിരുന്നത്. ബദ്രിനാഥിനെ സ്പർശിക്കാനും പൂജകള്‍ ചെയ്യാനും റാവലുകള്‍ക്ക് മാത്രമാണ് അവകാശമുള്ളത്. റാവലിനെ സഹായിക്കാൻ നൈബ് റാവലുകളും ക്ഷേത്രത്തിലുണ്ട്.

റാവല്‍ ആകുന്നതിന് മുമ്പ് നൈബ് റാവല്‍ ആകണം. അയാള്‍ക്ക് ക്ഷേത്രത്തിലെ പൂജകളെയും പാരമ്പര്യങ്ങളെയും കുറിച്ച്‌ പഠിക്കാൻ സാധിക്കും. റാവലായി തുടരുന്നതിന് പ്രത്യേക പ്രായപരിധിയില്ല. ജീവിതാവസാനം വരെയും റാവലായി തുടരാം. എന്നാല്‍, റാവല്‍ കേരളത്തില്‍ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണനും ബ്രഹ്മചാരിയും ആയിരിക്കണം എന്നതാണ് പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!