തിരുവനന്തപുരം: കോവളത്തിന്റെയടക്കം മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ ഉണ്ടെന്നും അതിന് സംസ്ഥാനം തടസ്സം നില്‍ക്കാതിരുന്നാല്‍ മതിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്തുണച്ചില്ലെങ്കിലും വേണ്ടില്ല, എതിർവാദങ്ങള്‍ ഉന്നയിച്ച് പദ്ധതികള്‍ നശിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തോളില്‍ തട്ടിപ്പറഞ്ഞ രഹസ്യവും സുരേഷ് ഗോപി വെളിപ്പെടുത്തി. വൈലോപ്പിള്ളി സംസ്കൃത ഭവനില്‍ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലത്തൂരില്‍ പ്രധാനമന്ത്രി പ്രചരണത്തിന് എത്തിയപ്പോള്‍ എന്റെ തോളത്തു തട്ടി സംസാരിച്ചിരുന്നു. എല്ലാവരും എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു. പക്ഷേ ആ സമയത്ത് അത് പറയാൻ എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പറയാം.
‘നിങ്ങള്‍ പാർലമെന്റിലേക്ക് വരാൻ പോകുന്നു. എനിക്ക് ഉറപ്പാണ്. നിങ്ങള്‍ വരും’ എന്നാണ് പ്രധാനമന്ത്രി എന്നോട് പറഞ്ഞത്. മലയാളികള്‍ക്ക് നന്മ ചെയ്യാൻ കഴിയുന്ന പ്രവൃത്തി ഈ കസേരയില്‍ ഇരുന്നുകൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു”-സുരേഷ് ഗോപി പറഞ്ഞു
