കൊച്ചി : തിരുവനന്തപുരത്ത് പിണറായി വിജയൻ്റെ വീട്ടിൽ വീണയുടെ മൊഴിയെടുത്ത് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്.
നിസ്സാര കേസ് ആണെന്ന് പറഞ്ഞ് നേതാക്കളുടെ നിർദ്ദശ പ്രകാരം അറസ്റ്റിന് വഴങ്ങിയവർക്ക് ഇപ്പോഴാണ് ബോധ്യം വന്നത് ഇത്തരം ആക്രമണങ്ങളിൽ പാർട്ടി പറയുന്നതുപോലെ ഊരിയെടുക്കാൻ കഴിയില്ലെന്ന്. നിലവിൽ ഏഴ് പ്രതികളാണ് ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ ഒരു നിരയെയാണ് വാദത്തിനായി സിപിഎം ഇറക്കിയിരിക്കുന്നത്.
എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം.
ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടാഴ്ചക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായത്.
60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലിലാണ് 24 പ്രവർത്തകർ.
രണ്ട് വട്ടം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളി.
സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗീക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം തുടങ്ങിയിട്ടുണ്ട്.
അങ്ങനെ വന്നാൽ ജയലിൽ നിന്ന് ഉടനൊന്നും പുറത്തിറങ്ങാനുമാകില്ല.
ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്.
ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിത്.
5 ആം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള 7 പേരാണ് ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകിയത്
പ്രതികൾക്കായി മുൻ ഡിജിപി ടിഎ ഷാജി, എ ജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ് രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്.
മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് പലരെയും പ്രതിയാക്കിയത്, വധശ്രമം ചുമത്തേണ്ട കുറ്റമില്ല, ആർക്കും ഗുരുതര പരിക്കില്ല,
ആയുധം ഉപയോഗിച്ചില്ല, തിരിച്ചറിയൽ പരേഡ് നടത്തിയില്ല അടക്കമാണ് പ്രതികളുടെ വാദം.
കേസിന്‍റെ ഗുരുതരാവസ്ഥ കൂട്ടുന്നതിനാണ് വധശ്രമം ചുമത്തിയതെന്നും നിസാര പരിക്ക് മാത്രമേ ഡ്രൈവർക്ക് ഉണ്ടായിട്ടുള്ളൂവെന്നും ഹർജിക്കാർ പറയുന്നു.
കേസിൽ ഇഡി എതിർ കക്ഷിയാണെങ്കിലും ഹൈക്കോടതിയിൽ പല കേസിലും ഇഡിയെ കക്ഷിയാക്കാതെയാണ് ഹർജി നൽകിയിട്ടുള്ളത്.
നാളെ മുതൽ അടുത്ത മാസം 4 വരെ പല ദിവസങ്ങളിലായി ഹർജി ഹൈക്കോടതി പരിഗണിക്കും. കേസിൽ അസി. സോളിസിറ്റർ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡി തീരുമാനം.
നേരത്തെ പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തതിനെ തുടർന്ന് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്‍റെ ഹർജിയും ഹൈക്കോടതി പരിഗണനയിലാണ്.
പെട്ടുപോയി… ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 60 ദിവസമായിട്ടും ജാമ്യമില്ല, സിപിഎം കാരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്
