കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

ന്യൂഡൽഹി : ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികളെ തകർക്കാൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി അടുത്ത മാസം പുറത്തിറങ്ങുന്നു.

മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കി 24 മണിക്കൂർ തികയും മുൻപാണ്, ‘മഹേന്ദ്രഗിരി’ (Mahendragiri), ‘മാൽവാൻ’ (Malwan) എന്നീ രണ്ട് യുദ്ധക്കപ്പലുകൾ കൂടി ജൂലൈയിൽ കമ്മീഷൻ ചെയ്യുമെന്ന പ്രഖ്യാപനമാണ് പുറത്തുവരുന്നത്. ഇതോടെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനായി എത്തുന്ന മെയ്ഡ് ഇൻ ഇന്ത്യ കപ്പലുകളുടെ എണ്ണം അഞ്ചായി ഉയരും.

ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഈ തദ്ദേശീയ പ്രതിരോധ മുന്നേറ്റം ഏറെ നിർണായകമാണ്. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട മഹേന്ദ്രഗിരി കിഴക്കൻ തീരത്തും, ആൻ്റി സബ്മറൈൻ വാർഫെയർ വിഭാഗത്തിൽപ്പെട്ട മാൽവാൻ പടിഞ്ഞാറൻ തീരത്തുമാകും വിന്യസിക്കുക.

പ്രൊജക്റ്റ് 17എ (Project 17A) പദ്ധതിയുടെ ഭാഗമായി മുംബൈയിലെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) നിർമ്മിച്ച ആറാമത്തെ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. 2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഈ കപ്പൽ എല്ലാവിധ കടൽ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, അത്യാധുനിക ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ, ആധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, നിരീക്ഷണ സെൻസറുകൾ എന്നിവയടക്കം സർവ്വ സന്നാഹങ്ങളും 6670 ടൺ ഭാരവും 149 മീറ്റർ നീളവുമുള്ള മഹേന്ദ്രഗിരിയിലുണ്ട്. കൂടാതെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള മൾട്ടി-റോൾ ഹെലികോപ്റ്ററുകളെ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

തീരദേശ കടലുകളിൽ ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മാൽവാൻ യുദ്ധക്കപ്പൽ. ചൈനീസ് നിർമ്മിത ഹാങ്കർ ക്ലാസ് അന്തർവാഹിനികൾ നാവികസേനയിൽ ഉൾപ്പെടുത്തി പാകിസ്താൻ ശേഷി വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ പി-8ഐ ലോങ് റേഞ്ച് വിമാനങ്ങൾക്കും എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്റ്ററുകൾക്കും പുറമെ മാൽവാന്റെ വരവ് രാജ്യത്തിന്റെ അന്തർവാഹിനി പ്രതിരോധ കോട്ട കൂടുതൽ ശക്തമാക്കും. പൂർണ്ണമായും ഇന്ത്യൻ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ ഉയർന്ന തദ്ദേശീയ സാങ്കേതികവിദ്യയിലാണ് ഇരു കപ്പലുകളും നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!