കോട്ടയം : വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കുംഭാഷ്ടമി ആഘോഷിക്കും. രാവിലെ 4.30ന് നടന്ന അഷ്ടമി ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടത്.
9ന് ശ്രീബലിയും 10ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഏകാദശ രുദ്ര ഘൃതകലശവും പ്രാതലും നടക്കും.
വൈകിട്ട് അഞ്ചിനാണ് ഉദയനാപുരത്തപ്പന്റെ വരവ്, ആറിന് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള വാഴമന, കൂര്‍ക്കശ്ശേരി, കള്ളാട്ട്‌ശ്ശേരി എന്നീ ഭാഗങ്ങളിലേക്ക് എഴുന്നള്ളും.
പഴയ കാലത്ത് ഈ ഭാഗങ്ങളിലെ ഭൂമി വൈക്കത്തപ്പന്റെതായിരുന്നെന്നും വര്‍ഷത്തിലൊരിക്കല്‍ ഈ ഭൂമിയും ഇവിടുത്തെ വിളവെടുപ്പും കാണുന്ന തിനായി വൈക്കത്തപ്പന്‍ പുത്രനുമായി എഴുന്നള്ളുന്നതായിട്ടാണ് വിശ്വാസം.
വൈകിട്ട് ഏഴിന് വാഴമന, 9ന് കൂര്‍ക്കശ്ശേരി, 10ന് കള്ളാട്ട്‌ശ്ശേരി എന്നിവിടങ്ങളില്‍ എത്തുന്നതോടെ ഇറക്കിയെഴുന്നള്ളിപ്പും നിവേദ്യവും നടത്തും. രാത്രി 11ന് തിരിച്ചെഴുന്നള്ളിക്കും. ആറാട്ട് കുളങ്ങര മുതല്‍ സ്വര്‍ണ്ണക്കുടയും ആലവട്ട വെഞ്ചാമരം എന്നിവയും ഉപയോഗിക്കും. രാത്രി രണ്ടിന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ അഷ്ടമി വിളക്കും വലിയ കാണിക്കയും നടക്കും.
ഒരു പ്രദക്ഷിണത്തിന് ശേഷം ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോട് യാത്ര ചോദിച്ചു മടങ്ങുന്നതോടെ കുംഭാഷ്ടമിക്ക് തിരശീല വീഴും. വിട പറയല്‍ സമയത്ത് നാദസ്വരത്തിൽ ദുഖ കണ്ഠാരം ആലപിക്കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെടും.
