കുറവിലങ്ങാട് : കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം നാളെ(ബുധനാഴ്ച) നടക്കും. പതിനൊന്ന് ദിവസമായി നടന്നു വരുന്ന ആഘോഷ പരിപാടികൾക്ക് നാളെ സമാപനമാകും.
കുടൽമന ഹരി നമ്പൂതിരി മഖ്യ ആചാര്യനായി നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞം ഇന്ന്(ചൊവ്വാഴ്ച) സമാപിക്കും. ദശാവതാരചന്ദനം ചാർത്ത് ഇന്ന് വിശ്വരൂപദർശനത്തോടെ സമാപിക്കും.
വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുർദശി ആണ് നരസിംഹ ജയന്തി ആയി ആഘോഷിക്കുന്നത്. നരസിംഹ ജയന്തി ആഘോഷത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മഴ നനയാതെ ദർശനം നടത്തുന്നതിനും പ്രസാമൂട്ടിൽ പങ്കെടുക്കുന്നതിനുമായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാളെ (ബുധനാഴ്ച) രാവിലെ ഏഴു മുതൽ മാതംഗി സത്യമൂർത്തി, കോട്ടയം വീരമണി, ഹരിരാഗ് നന്ദൻ വത്സല രാമകൃഷ്ണൻ വത്സല ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കുന്ന പഞ്ചരത്നകീർത്തനാലാപനം നടക്കും. പത്തു മണി മുതൽ ടി എസ് രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി. 12 മുതൽ ലക്ഷ്മീ നരസിംഹ
പൂജ. തുടർന്ന് നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ. വൈകുന്നേരം ആറു മുപ്പതിന് ചുറ്റുവിളക്ക് വിശേഷാൽ ദീപിരാധന.
*******************
കദളിക്കുല സമർപ്പണം നാളെ
കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ദിനത്തിൽ നടക്കുന്ന കദളിക്കുല സമർപ്പണം നാളെ നടക്കും. വിദ്യാ വിജയത്തിന് അതിവിശേഷമായ കദളിക്കുല സമർപ്പണത്തിനു നിരവധി കുട്ടികളാണ് ക്ഷേത്രത്തിൽ എത്തിച്ചരുന്നത്. രാവിലെ ആറു മണി മുതൽ കദളിക്കുല സമർപ്പണം നടത്താവുന്നതാണ്.
ടി. എസ് രാധാകൃഷ്ണനെ ആദരിക്കും
ഭക്തിഗാന സംഗീതരംഗത്ത് അര നൂറ്റാണ്ട് തികച്ച സംഗീത സംവിധായകൻ ടി. എസ് രാധാകൃഷ്ണനെ നാള ക്ഷേത്രത്തിൽ ആദരിക്കും. നരസിംഹ ജയന്തി ആഘോഷ പരിപാടിയുടെ സമാപന സഭയുടെ ഉദ്ഘാടനവും ടി. എസ് രാധാകൃഷ്ണനെ ആദരിക്കലും ജോസ് കെ മാണി എം പി നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് അംഗം സന്ധ്യ സജികുമാർ, ജി. പ്രകാശ്, ജയേഷ് പി ആർ എന്നിവർ പ്രസംഗിക്കും.