ന്യൂഡൽഹി : ആധുനിക യാത്രാസൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒരുക്കിയിരിക്കുന്നത്.
ആകർഷകമായ കോച്ചുകളുടെ രൂപകൽപനയ്ക്കും മികച്ച യാത്രാസൗകര്യങ്ങൾക്കും പുറമെ, യാത്രക്കാരുടെ ശ്രദ്ധ നേടുന്ന നിരവധി സവിശേഷതകളും ട്രെയിനിലുണ്ട്. അതിലൊന്നാണ് കൈയുടെ ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകൾ.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ ഈ സെൻസർ സംവിധാനത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തുകയാണ് ട്രാവൽ വ്ലോഗറായ അഖിലേശ്വർ സിങ്. ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടയിൽ പകർത്തിയ ദൃശ്യങ്ങളാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കൈ കാണിച്ചാൽ വാതിൽ തുറക്കും
സാധാരണ ട്രെയിനുകളിൽ ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേക്ക് കടക്കാൻ വാതിലുകൾ കൈകൊണ്ട് തള്ളുകയോ വലിക്കുകയോ സ്ലൈഡ് ചെയ്യുകയോ വേണം. എന്നാൽ വന്ദേഭാരത് സ്ലീപ്പറിൽ ഈ രീതിക്ക് പകരം സെൻസർ അധിഷ്ഠിത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വാതിലിനടുത്തുള്ള സെൻസറിന് മുന്നിലേക്ക് കൈ കൊണ്ടുവന്നാൽ വാതിൽ തനിയെ തുറക്കും. അഖിലേശ്വർ സിങ്ങിനെ ഏറെ ആകർഷിച്ച ഈ സാങ്കേതികവിദ്യ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവമാണ് നൽകുന്നത്.
പ്രത്യേകിച്ച് കൈകളിൽ ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്ക് വാതിലുകൾ നേരിട്ട് തുറക്കേണ്ടിവരാത്തത് വലിയ ആശ്വാസമാകും.
സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം
യാത്രക്കാരുടെ സുഖസൗകര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളോടെയുള്ള സ്ലീപ്പർ ബെർത്തുകൾ, യുഎസ്ബി ചാർജിങ് പോർട്ടുകൾ, മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ട്രെയിനിലുണ്ട്.
ആധുനിക ടോയ്‌ലറ്റുകൾ, അണുനശീകരണത്തിനുള്ള നൂതന സാങ്കേതികവിദ്യ, ഓരോ കോച്ചിലുമുള്ള ഓട്ടോമാറ്റിക് വാതിലുകൾ എന്നിവയും പ്രത്യേകതകളാണ്. ഇതിനു പുറമെ അഗ്നിസുരക്ഷാ സംവിധാനങ്ങളും സിസിടിവി നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്.
ട്രെയിനിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ‘കവച്’ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംവിധാനമാണിത്.
ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും ഒരുമിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പറിലെ ഇത്തരം സവിശേഷതകളാണ് ട്രെയിനിനെ ശ്രദ്ധേയമാക്കുന്നത്.
