തിരുവനന്തപുരം: കോൺഗ്രസിലെ സൈബർ പോര് രൂക്ഷമാകുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. 80 വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സൈബർ ആക്രമണം നടത്തുന്നതെന്നാണ് പരാതിയിലെ ആരോപണം. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് ആവശ്യം.
കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് വീണ്ടും പരാതി നൽകിയത്. നേരത്തെ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ വിമർശനം ഉന്നയിച്ച ദീപ്തി മേരി വർഗീസ് സമഗ്രമായ സൈബർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാലിനെ ലക്ഷ്യമിടുന്ന അക്കൗണ്ടുകൾ തമ്മിലുള്ള പരസ്പര ബന്ധം അന്വേഷിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ നിർദേശിക്കുന്നു.
