തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്നു. പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശം തള്ളിയാണ് പുതിയ നീക്കം.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങളെ പ്രതിരോധിക്കാൻ എ ഗ്രൂപ്പ് പരസ്യമായി രംഗത്തിറങ്ങും. എ ഗ്രൂപ്പിന്റെ നീക്കത്തിന് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെയും പിന്തുണയുണ്ട്. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിൽ ഗൂഢതാൽപര്യങ്ങളുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.
ഉണ്ണിത്താന്റെ പരാമർശങ്ങൾക്കെതിരെ എ ഗ്രൂപ്പും കെ.സി. പക്ഷവും ഒന്നിച്ച് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും കെ.സി. ജോസഫും ഇന്ന് മാധ്യമങ്ങളെ കാണും.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് പരിഗണിക്കുന്നത് തടയുകയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ലക്ഷ്യമെന്നാണ് ഷാഫി അനുകൂലികളുടെ വിമർശനം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിയെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും രംഗത്തുണ്ട്. കെപിസിസി അധ്യക്ഷനാകാൻ കഴിയാത്തതിന്റെ അതൃപ്തിയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിലെന്നാണ് ഷാഫി പക്ഷത്തിന്റെ ആരോപണം.
അതേസമയം, കെപിസിസി പുനഃസംഘടനയിൽ സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഷാഫി പറമ്പിൽ കെ.സി. വേണുഗോപാൽ പക്ഷത്തെയും എ ഗ്രൂപ്പിനെയും ഒപ്പം നിർത്തുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.
