ആദ്യ ദിനം തന്നെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രം ‘ജയിലർ 2’. ‘പക്കാ രജനി ഷോ’ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.
ഓപ്പണിങ് ഡേയിൽ തന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. ആഗോളതലത്തിൽ 125 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് സാക്നിൽക് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം 70.25 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. വിദേശത്ത് നിന്ന് 55.00 കോടി ഗ്രോസ് കളക്ഷനും ചിത്രം നേടി.
കേരള ബോക്സ് ഓഫീസിലും റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത് 12.5 കോടിയാണ്. ഇതോടെ വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റെക്കോർഡ് പഴങ്കഥയായി.
2023ൽ റിലീസ് ചെയ്ത ‘ലിയോ’ കേരളത്തിൽ നിന്നും ആദ്യദിനം വാരിയത് 12 കോടിയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ 22 കോടിയാണ്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ ഉള്ളത് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കയ്യടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ച ഘടകമാണ്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഉണ്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്.
അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനം തന്നെ ചിത്രത്തില് നടത്തിയിട്ടുണ്ടെന്ന് തിയറ്റര് പ്രതികരണങ്ങള് സൂചിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.
