ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്കു ജയം. ചെല്‍സി 0-3നു നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി. മാഞ്ചസ്റ്റര്‍ സിറ്റി 2-0ത്തിനു എവര്‍ട്ടനെ പരാജയപ്പെടുത്തി.
മറ്റു മത്സരങ്ങളില്‍ ബേണ്‍ലി 2-0ത്തിനു ലീഡ്‌സ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. ബ്രൈറ്റന്‍ സ്വന്തം തട്ടകത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ 2-1നു പരാജയപ്പെടുത്തി. സണ്ടര്‍ലാന്‍ഡ് 2-0ത്തിനു വൂള്‍വ്‌സിനെ വീഴ്ത്തി. ക്രിസ്റ്റല്‍ പാലസ്- ബേണ്‍മത് പോരാട്ടം 3-3നു സമനിലയില്‍ പിരിഞ്ഞു..
എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് എവര്‍ട്ടനെതിരെ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റി ജയിച്ചു കയറിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 5 മിനിറ്റിനിടെ ഇരട്ട ഗോളുകള്‍ വലയിലിട്ടാണ് ഹാളണ്ട് ജയമുറപ്പിച്ചത്. 58, 63 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്. ജയത്തോടെ സിറ്റി പോയിന്റ് പട്ടിതകയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
ചെല്‍സിയും രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്. 49ാം മിനിറ്റില്‍ ജോഷ് അഷെംപോങാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. തൊട്ടു പിന്നാലെ 52ാം മിനിറ്റില്‍ പെഡ്രോ നെറ്റോ രണ്ടാം ഗോളും നേടി. റീസ് ജെയിംസ് 84ാം മിനിറ്റില്‍ പന്ത് വലയിലിട്ട് മൂന്നാം ഗോളും സ്വന്തമാക്കി.
അതിനിടെ 87ാം മിനിറ്റില്‍ മാലോ ഗുസ്‌റ്റോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ശേഷിച്ച അവസാന കുറച്ചു മിനിറ്റുകള്‍ ചെല്‍സി 10 പേരുമായാണ് കളിച്ചത്. എന്നാല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനു ഒന്നും ചെയ്യാനായില്ല.
പോസ്റ്റഗോഗ്ലുവിനെ കൊണ്ടു വന്നിട്ടും നോട്ടിങ്ഹാം ഫോറസ്റ്റിനു ജയം അകലെ തന്നെ. നൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയാണ് മുന്‍ ടോട്ടനം പരിശീലകനെ നോട്ടിങ്ഹാം കൊണ്ടു വന്നത്. എന്നാല്‍ ടീമിന്റെ തോല്‍വിക്കു പരിഹാരമായില്ല.
