പാലക്കാട്: മദ്യനയത്തിലും ഡ്രൈ ഡേ വിഷയത്തിലും UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.ബി. രാജേഷ്. UDF സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും മദ്യനയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡ്രൈ ഡേ എടുത്തുകളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നുവെന്നും മുൻ നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓന്ത് നിറം മാറുന്നതുപോലെയാണ് മുഖ്യമന്ത്രിയും സർക്കാരും നിലപാട് മാറ്റുന്നതെന്ന് എം.ബി. രാജേഷ് പരിഹസിച്ചു. LDF സർക്കാരിന്റെ കാലത്ത് ഡ്രൈ ഡേ എടുത്തുകളയുന്നതിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നത് UDF ആയിരുന്നു. അന്ന് പ്രമേയം അവതരിപ്പിച്ചയാളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഡ്രൈ ഡേ ഒഴിവാക്കാനുള്ള നീക്കം ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യം ഒഴുക്കുകയാണെന്ന് വ്യാജപ്രചാരണം നടത്തിയവർ ഇപ്പോൾ ഡ്രൈ ഡേ തന്നെ വേണ്ടെന്ന നിലപാടിലേക്ക് മാറിയെന്നും വിമർശിച്ചു. വിഷയത്തിൽ KCBC നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നും എം.ബി. രാജേഷ് ചോദിച്ചു.
‘നിലപാടുകളുടെ രാജകുമാരൻ ഇപ്പോൾ അവസരവാദത്തിന്റെ ചക്രവർത്തിയായി മാറി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എക്സൈസ് മന്ത്രി ഇക്കാര്യത്തിൽ തന്റെ നിസ്സഹായാവസ്ഥ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നൽകിയെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് ബാർ ലൈസൻസുകൾ എക്സൈസ് മന്ത്രി എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നും എം.ബി. രാജേഷ് ചോദിച്ചു.
നെടുമ്പാശ്ശേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ പരാമർശിച്ച അഞ്ച് ബാറുകളുടെ ലൈസൻസ് റദ്ദാക്കിയോയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. സർക്കാർ കയ്യടിക്കും പ്രശംസയ്ക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എക്സൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി യിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓപ്പറേഷൻ തൂഫാനിൽ എക്സൈസിന് യാതൊരു റോളുമില്ലെന്നും എക്സൈസ് മന്ത്രിക്ക് മുകളിൽ കാര്യങ്ങൾ തീരുമാനിക്കുന്ന പവർ ഗ്രൂപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭയിൽ തർക്കം നടന്നോ എന്ന കാര്യത്തിൽപ്പോലും തർക്കമാണെന്നും ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയാണെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
പത്മജയുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പരിഹാസരൂപേണ പരാമർശിച്ച അദ്ദേഹം, ‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടൊന്നും പറഞ്ഞില്ല’ എന്നതാണ് സർക്കാരിന്റെ ടാഗ് ലൈനെന്നും പറഞ്ഞു.
എല്ലാം അറിയുന്നത് രണ്ടുപേർക്ക് മാത്രമാണെന്നും വി.ഡി. സതീശനെയും രാജീവ് ചന്ദ്രശേഖറിനെയും പരാമർശിച്ച് അദ്ദേഹം പരിഹസിച്ചു. മാധ്യമങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടായെന്ന് എം.ബി. രാജേഷ് ആരോപിച്ചു. UDF സർക്കാരിനോ കോൺഗ്രസിനോ എതിരായ വാർത്തകൾ ഒന്നാം പേജിൽ വരുന്നില്ലെന്നും അന്തിചർച്ചകളിലും ഇത്തരം വിഷയങ്ങൾക്ക് ഇടം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ
ന്ത്യയിലെ ഗോദി മീഡിയകളെപ്പോലെ കേരളത്തിലെ മാധ്യമങ്ങളുടെയും വിശ്വാസ്യത തകരുകയാണെന്നും മാധ്യമങ്ങൾ ഇരട്ടത്താപ്പ് കാണിക്കുകയാ ണെന്നും എം.ബി. രാജേഷ് ആരോപിച്ചു.
