കൊച്ചി: അഭിനയത്തൊഴിലാളി എന്നുപറയാനാണ് തനിക്കിഷ്ടമെന്ന് നടി നിഷ സാരംഗ്. അന്നം മുട്ടാതെ മാത്രമേ പാഷൻ നോക്കാൻ പറ്റുകയുള്ളൂ. പാഷൻ തോന്നിയത് മറ്റ് കാര്യങ്ങളിലായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. പിന്നീട് അഭിനയ രംഗത്തെത്തുകയായിരുന്നു. തന്റെ തൊഴിലാണ് അഭിനയമെന്നും നടി വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും നിഷ സാരംഗ് പ്രതികരിച്ചു. ’നമുക്ക് ജീവിക്കാൻ വേണ്ടി മറ്റുള്ളവരെ കണ്ണുനീർ കുടിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ആരെയും വിശ്വസിക്കാതിരിക്കേണ്ട സാഹചര്യം എല്ലാ തൊഴിൽ മേഖലകളിലും ഉണ്ട്. ജീവിതം ഒരു യാത്ര പോലെയാണ്. അതിൽ പല തരത്തിലെ ആളുകൾ ഉണ്ടാവും.
നമ്മൾ എത്രമാത്രം ശ്രദ്ധയോടെ ഇരുന്നാലും ചിലപ്പോൾ ചതിയിൽ വീഴാം. വിശ്വാസത്തിന്റെ പുറത്ത് ചിലപ്പോൾ ചതിയിൽ വീഴാം. അത് നമ്മുടെ തെറ്റാണ്. ചതിയിൽ വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ നമ്മളെ വിശ്വസിക്കുന്നത് പോലെ മറ്റൊരാളെ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. അത് വീട്ടിൽ ഉള്ളവരായാലും പുറത്ത് ഉള്ളവരായാലും അങ്ങനെ തന്നെയാണ്’- താരം മനസുതുറന്നു.