കൊച്ചി: കൊച്ചിയിൽ സൈബർ തട്ടിപ്പിലൂടെ വീണ്ടും പണം കവർന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നൽകിയ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച കളമശ്ശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടപ്പെട്ടു.
ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് 90,000 രൂപയാണ് മുളവുകാട് സ്വദേശിനിയിൽ നിന്നും തട്ടിയെടുത്തത്.
ഡോക്ടറുടെ പരാതിയിൽ കളമശ്ശേരി പോലീസ് കേസെടുത്തു. ഡേറ്റിങ് ആപ്പ് വഴിയാണ് 47-കാരനായ ഡോക്ടർ പാലക്കാട്ടുകാരിയായ ’ഗൗതമി നായർ’ എന്ന പേരിലുള്ള 33-കാരിയെ പരിചയപ്പെട്ടത്. തുടർന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്ലാറ്റ്ഫോം ഡോക്ടർക്ക് പരിചയപ്പെടുത്തി. 2025 ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെ വിവിധ തവണകളായി സ്വന്തം അക്കൗണ്ടിൽ നിന്നും ഡോക്ടറുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തു. മൂന്നു മാസത്തിനിടെ 1.57 കോടി രൂപ ഇങ്ങനെ നൽകി.
നിക്ഷേപിച്ച തുകയും അതിനുള്ള ലാഭവിഹിതവും ഡോളർ കണക്കിൽ വ്യാജ ആപ്ലിക്കേഷനിൽ കാണിച്ചാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എന്നാൽ, പണമോ ലാഭവിഹിതമോ തിരികെ നൽകാതെ വന്നതോടെയാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തത്. തുടർന്ന് കളമശ്ശേരി പോലീസ് കേസെടുത്തു.
പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡേറ്റിങ് ആപ്പ് വഴിയുള്ള ആശയവിനിമയത്തിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ ഡോക്ടർ പോലീസിന് കൈമാറി.
അതിനിടെ ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ റൂറൽ സൈബർ ക്രൈം പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 9 മുതൽ നവംബർ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
പ്രതികൾ ട്രേഡിങ് നടത്താൻ പ്രേരിപ്പിക്കുകയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു. പരാതിക്കാരൻ പല ഘട്ടങ്ങളിലായി പണം കൈമാറി. നിക്ഷേപവും ലാഭവും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്.
മുളവുകാട് സ്വദേശിനി 36-കാരിയെ പുതുതലമുറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ നടക്കുന്നില്ലെന്നും നിലവിലുള്ള മറ്റൊരു ക്രെഡിറ്റ് കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്നും വിശ്വസിപ്പിച്ച് ഒ.ടി.പി. തരപ്പെടുത്തുക യായിരുന്നു. 89,904 രൂപയാണ് നഷ്ടപ്പെട്ടത്. കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.
