മാൾട്ട പ്രധാനമന്ത്രിയുടെ കുടുംബത്തിന് തുണയായി മലയാളി നഴ്സ്; ബജറ്റ് പ്രസംഗത്തിൽ ഗീതുവിന് നന്ദി പറഞ്ഞ് റോബർട്ട് അബേല…

മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടങ്ങളിൽ കരുതലും പരിചരണവും നൽകി ഒപ്പം നിന്ന മലയാളി നഴ്സിന് നന്ദി പറഞ്ഞ് മാൾട്ട പ്രധാനമന്ത്രി.

ചാലക്കുടി മേലൂർ സ്വദേശിനിയായ ഗീതു ലൂയിസിനെയാണ് മാൾട്ട പ്രധാനമന്ത്രി പാർലമെന്റിലെ ബജറ്റ് പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ച് നന്ദി അറിയിച്ചത്.

‘എന്റെ പിതാവിനും മാതാവിനും അസുഖം വന്നപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും ഒരു വിദേശ നഴ്സാണ് ഞങ്ങൾക്ക് തുണയായത്. അവരുടെ പേര് ഗീതു. നന്ദി ഗീതു, നിങ്ങളുടെ സേവനങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

മാൾട്ടയിലെ ആരോഗ്യരംഗത്ത് സേവനമികവുകൊണ്ട് ശ്രദ്ധേയയായ ഗീതു മലയാളിയാണെന്നത് കേരളത്തിനും അഭിമാനമായി.

ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസ് (35) 2018ലാണ് മാൾട്ടയിലെത്തി യത്. നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലി ചെയ്തിരുന്ന ഗീതുവിന് പിന്നീട് മാൾട്ടയുടെ ആരോഗ്യരംഗത്ത് നിർണായക ചുമതലകളാണ് ലഭിച്ചത്.

കോവിഡ് മഹാമാരി വ്യാപിച്ച കാലത്തായിരുന്നു ഗീതുവിന്റെ സേവനങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ രോഗപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ അധികൃതർ നഴ്സുമാരെ സമീപിച്ചപ്പോൾ പലരും മടിച്ചുനിന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ ഗീതു തയ്യാറായി. പിന്നീട് കോവിഡ് പരിശോധനാ പ്രവർത്തനങ്ങളുടെ പൂർണ ചുമതല തന്നെ ഗീതുവിനെ ഏൽപിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തവും ഗീതുവിനായിരുന്നു.

ഇതോടെ മാൾട്ടയിലെ സർക്കാർതലത്തിൽ വലിയ സ്വീകാര്യതയുള്ള ആരോഗ്യ പ്രവർത്തകരിലൊരാളായി ഗീതു മാറി. ഇതിനിടെയാണ് പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവും മാൾട്ടയുടെ മുൻ പ്രസിഡന്റുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഔദ്യോഗിക വസതിയിലേക്ക് ഗീതുവിനെ ക്ഷണിച്ചു.

ഏകദേശം ഒരു വർഷത്തോളം അബേല കുടുംബത്തോടൊപ്പം ചെലവഴിച്ച ഗീതു കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവർക്കൊപ്പം നിന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും പരിചരണത്തിനായി ആശ്രയിച്ചത് ഗീതുവിനെയായിരുന്നു.

മാൾട്ടയുടെ വളർച്ചയിലും വികസനത്തിലും വിദേശരാജ്യങ്ങളിൽനിന്നെത്തി ജോലി ചെയ്യുന്നവരുടെ സംഭാവന എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതിനി ടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ സേവനങ്ങൾ എടുത്തുപറഞ്ഞത്. വ്യക്തിപരമായ അനുഭവം പങ്കുവച്ചുകൊണ്ട് ഒരു മലയാളി നഴ്സിന് പാർലമെന്റിൽ നന്ദി അറിയിച്ചതും ശ്രദ്ധേയമായി.

മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാൾട്ടയിലാണ് ഗീതുവിന്റെ താമസം. പ്രൊഫഷണൽ മികവിനൊപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ കാട്ടിയ ആത്മാർഥതയും കരുതലുമാണ് ഗീതുവിനെ മാൾട്ടയുടെ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ വിശ്വാസം നേടിയ ആരോഗ്യ പ്രവർത്തകയാക്കി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!