തിരുവനന്തപുരം: ശംഖുംമുഖത്ത് അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും ഒരു വയസ്സുകാരൻ മകനും മരിച്ചു.
പൂന്തുറ ആലുകാട് കുന്നിൽവീട്ടിൽ അഞ്ജലി (24), മകൻ ആഷിക് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജലി മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ ആഷിക് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഭർത്താവ് പ്രശാന്തിനും (26), നാലുവയസ്സുകാരി മകൾ കൃതികയ്ക്കുമൊപ്പമാണ് അഞ്ജലി വെട്ടുകാട് പള്ളിയിലേക്ക് യാത്രതിരിച്ചത്. കഴിഞ്ഞ 13-ന് വൈകിട്ട് 6.30-ഓടെ ശംഖുംമുഖം ഓൾ സെയ്ന്റ്സ് റോഡിൽ പഴയ ജി.വി.രാജാ സ്കൂളിന് സമീപമായിരുന്നു അപകടം.
ശംഖുംമുഖത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന നാലുപേരും റോഡിലേക്ക് തെറിച്ചുവീണു.
പിന്നിലിരുന്ന അഞ്ജലിയുടെ തലയ്ക്കും മുഖത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ചികിത്സയിൽ തുടരുകയാണ്. തലയ്ക്ക് പരിക്കേറ്റെങ്കിലും നാലുവയസ്സുകാരി കൃതിക അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയി. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
