ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്കറെ തയിബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ടിനെ ലക്ഷ്യമിട്ട് സുരക്ഷാ സേനയുടെ തിരച്ചിൽ ശക്തം. ഭട്ട് ഒളിച്ചിരിക്കുന്നതായി കരുതുന്ന കേന്ദ്രം വളഞ്ഞ സൈനികർ വിഡിയോ കോളിലൂ ടെ ബന്ധപ്പെട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ട തായാണ് റിപ്പോർട്ട്. എൻഡിടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ഭട്ടിനോട് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
നവംബർ 11ന് കുൽഗാമിലെ അഖ്റൻ ഗ്രാമത്തിൽ സിആർപിഎഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണം ആസൂത്രണം ചെയ്തത് ലത്തീഫ് ഭട്ടും ഉമർ നിസാർ ദറും ചേർന്നാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കഴിഞ്ഞദിവസം സുരക്ഷാസേന യുമായുണ്ടായ ഏറ്റുമുട്ടലിൽ ഉമർ കൊല്ലപ്പെട്ടിരുന്നു.
ആറുമാസത്തോളം ലത്തീഫ് ഭട്ടിന് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് ഉമർ നിസാർ ദറാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ലാറു ബൈപ്പാസിനു സമീപത്തെ സ്കൂൾ കെട്ടിടത്തിൽ ഇരുവരും ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. ഇതിനിടെ ഉമർ കൊല്ലപ്പെടുകയായിരുന്നു. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ ആദ്യം ഉയർന്നെങ്കിലും വെടിയേറ്റ ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
ഭട്ടിനെ കണ്ടെത്തുന്നതിനായി ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് സുരക്ഷാസേന തിരച്ചിൽ തുടരുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ അനുബന്ധ സംഘടനയായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ ചേർന്നത്. ഉമറിനെ കാണാനില്ലെന്ന് കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
