ബെംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറുകയും പണം വാഗ്ദാനം ചെയ്ത് അധിക്ഷേപിക്കുകയും ചെയ്ത കേസിൽ പഴക്കച്ചവടക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ രാമമൂർത്തി നഗറിലാണ് സംഭവം. എൻ.ആർ.ഐ ലേഔട്ട് സ്വദേശിയായ വിജയ് രാഘവ് (42) ആണ് പിടിയിലായത്. ചിക്മംഗളൂരു സ്വദേശിനി യും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാ രിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ ജോലി ആവശ്യത്തിനായി ടാക്സിക്കായി കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പേയിങ് ഗെസ്റ്റ് താമസസ്ഥലത്തിന് മുന്നിൽ നിന്നിരുന്ന യുവതിയെ പ്രതി ഏറെ നേരം തുറിച്ചുനോക്കിയതായി പരാതിയിൽ പറയുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച് യുവതി ചോദ്യം ചെയ്തതോടെ, “നിൻ്റെ വില എത്രയാണ്? 10,000 രൂപ തരാം” എന്ന് പറഞ്ഞ് അപമാനിച്ചെന്നാണ് ആരോപണം.
ഇതിനിടെ യുവതി മൊബൈൽ ഫോണിൽ സംഭവം ചിത്രീകരിക്കാൻ തുടങ്ങിയതോടെ പ്രതി സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതിയുടെ മുഖവും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് യുവതി വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി നിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുമാണ് പോസ്റ്റ് പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ പൊലീസ് യുവതിയെ സമീപിച്ച് ഔദ്യോഗിക പരാതി സ്വീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് വിജയ് രാഘവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഫോൺ വിളിക്കാൻ വേണ്ടിയാണ് താൻ സ്കൂട്ടർ നിർത്തിയതെന്നും, യുവതി ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് അത്തരമൊരു പരാമർശം നടത്തിയതെന്നുമാണ് പ്രതിയുടെ വിശദീകരണം. എന്നാൽ സാഹചര്യങ്ങൾ എന്തായാലും ഒരു സ്ത്രീയോട് അവരുടെ “വില” ചോദിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
