ന്യൂഡൽഹി : വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ലൊക്കേഷൻ പങ്കുവെക്കുന്നത് കൂടുതൽ ലളിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനി. ഇനി ഫോട്ടോയോ വീഡിയോയോ അപ്ലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ ലൊക്കേഷൻ നേരിട്ട് സ്റ്റാറ്റസായി പങ്കുവെക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
സ്റ്റാറ്റസ് ക്രിയേറ്ററിൽ പ്രത്യേക ലൊക്കേഷൻ ഓപ്ഷൻ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ നീക്കം.നിലവിൽ ഫോട്ടോയിലോ വീഡിയോയിലോ ലൊക്കേഷൻ സ്റ്റിക്കർ ചേർത്താണ് സ്റ്റാറ്റസിലൂടെ സ്ഥലം പങ്കുവെക്കാൻ കഴിയുന്നത്. ഇതിനായി ആദ്യം ഒരു പശ്ചാത്തല ചിത്രം തിരഞ്ഞെടുക്കണം. ഈ നടപടിക്രമം ഒഴിവാക്കി കൂടുതൽ എളുപ്പത്തിൽ ലൊക്കേഷൻ പങ്കുവെക്കാൻ സഹായിക്കുന്ന സംവിധാനമാണ് പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.
വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റാ ഇൻഫോയാണ് പുതിയ മാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.8-ലാണ് ഈ ഫീച്ചർ കണ്ടെത്തിയത്.
പുതിയ സംവിധാനത്തിൽ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥലം സ്റ്റാറ്റസിനുള്ളിൽ മാപ്പ് കാർഡായിട്ടായി രിക്കും പ്രത്യക്ഷപ്പെടുക. ലൊക്കേഷൻ സൂചിപ്പിക്കുന്ന പച്ച പിൻ, സ്ഥലത്തിന്റെ പേര്, പൂർണമായ വിലാസം എന്നിവയും മാപ്പിൽ ഉൾപ്പെടും. ഫോണിന്റെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ വാട്സ്ആപ്പിന് അനുമതി നൽകിയിട്ടു ണ്ടെങ്കിൽ നിലവിലുള്ള സ്ഥലം സ്വയം കണ്ടെത്തി പ്രദർശിപ്പിക്കാനും സാധിക്കും.
കോൺടാക്ടിലുള്ളവർക്ക് ഈ സ്റ്റാറ്റസ് കാണുമ്പോൾ സ്ക്രീനിന്റെ മുകൾഭാഗത്തുള്ള ലൊക്കേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്ത് പങ്കുവെച്ച സ്ഥലത്തിന്റെ വിവരങ്ങൾ അറിയാം. നിലവിലുള്ള ലൊക്കേഷൻ സ്റ്റിക്കറിനേക്കാൾ ലളിതവും സൗകര്യപ്രദവുമായ രീതിയിൽ സ്ഥലം പങ്കുവെക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ ആൻഡ്രോയിഡ് പതിപ്പിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമായിട്ടില്ല. പൊതുവായ റിലീസ് തീയതിയും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കുക.
