കൊച്ചി : കേരളത്തിലെ സിനിമാ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവത്തിന്റെ വാതിൽ തുറക്കാനൊരുങ്ങി മാജിക് ഫ്രെയിംസ്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌പെരന്റ് എൽഇഡി സ്‌ക്രീൻ അവതരിപ്പിക്കുന്ന തിയേറ്റർ സമുച്ചയമാണ് ഇനി കാക്കനാട്ട് ഉയരുന്നത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടമെന്നാണ് പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കം മാളിൽ ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റർ കോംപ്ലക്‌സിന്റെ ഉദ്ഘാടന വേദിയിലാണ് ഈ പ്രഖ്യാപനം നടന്നത്. പ്രേക്ഷകർക്ക് ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.
തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മാജിക് ഫ്രെയിംസിന്റെ 45-ാമത്തെ തിയേറ്ററാണിത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ സ്ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു എന്നിവരടക്കം സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ സംഗമസ്ഥാനമായ പെരുമ്പിലാവിൽ ഇതുവരെ റിലീസിങ് തിയേറ്ററുകളുടെ അഭാവം ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ പുതിയ കോംപ്ലക്‌സ് സിനിമാപ്രേമികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ്. ഹർത്താലിനിടയിലും വൻ ജനപങ്കാളിത്തം ഉദ്ഘാടന ചടങ്ങിൽ രേഖപ്പെടുത്തി.
നാല് സ്‌ക്രീനുകളോടുകൂടിയ ഈ ആധുനിക തിയേറ്റർ സമുച്ചയം മേയ് ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും.
