തിരുവനന്തപുരം : 31-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനു ബന്ധിച്ച് (IFFK) വിവിധ അവസരങ്ങളി ലേക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകളും പ്രൊപ്പോസലുകളും ക്ഷണിച്ചു.
മീഡിയ സെല്ലിൽ പ്രവർത്തിക്കാനും മേളയുടെ അവതാരകരാകാനും സോഷ്യൽ മീഡിയ മാനേജ്മെന്റ് ടീമിന്റെ ഭാഗമാകാനുമാണ് അവസരങ്ങൾ. ഓരോ വിഭാഗത്തിനും വ്യത്യസ്ത യോഗ്യതകളും അപേക്ഷാ രീതികളുമുണ്ട്. മേള ഡിസംബറിൽ തിരുവനന്തപുരത്താണ് നടക്കുന്നത്.
1. മീഡിയ സെല്ലിൽ അവസരം
ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും മീഡിയ സെല്ലിൽ പ്രവർത്തിക്കാൻ അപേക്ഷിക്കാം. പരമാവധി പ്രായം 28 വയസ്സാണ്.വിശദമായ ബയോഡാറ്റ സഹിതം cifra@chalachitraacademy.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ തിരുവനന്തപുരത്തെ വഴുതക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: 2026 നവംബർ 25.
2. മേളയുടെ അവതാരകരാകാം
31-ാമത് ഐ.എഫ്.എഫ്.കെ.യുടെ അവതാരകരാകാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. വിശദമായ ബയോഡാറ്റയ്ക്കൊപ്പം അവതാരകനാകാനുള്ള താൽപര്യം വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും cifra@chalachitraacademy.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
വിഡിയോ വിലയിരുത്തലും നേരിട്ടുള്ള അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി: 2026 നവംബർ 23.
3. സോഷ്യൽ മീഡിയ മാനേജ്മെന്റ് ടീം
മേളയുടെയും ചലച്ചിത്ര അക്കാദമിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും വീഡിയോകൾ, ഡിസൈനുകൾ, മോഷൻ ഗ്രാഫിക്സ് തുടങ്ങിയവ തയ്യാറാക്കുന്നതിനും പ്രൊഫഷണൽ ടീമുകളിൽനിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു.
സോഷ്യൽ മീഡിയ മാനേജ്മെന്റ്, കണ്ടന്റ് ക്രിയേഷൻ, ഡിസൈനിങ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ടീം അംഗങ്ങൾക്ക് ഉണ്ടായിരിക്കണം.
കമ്പനിയുടെ പോർട്ട്ഫോളിയോ, ടീം അംഗങ്ങളുടെ വിവരങ്ങൾ, പ്രവൃത്തിപരിചയം, ജി.എസ്.ടി. ഉൾപ്പെടെയുള്ള ചെലവ് വിവരങ്ങൾ എന്നിവ അടങ്ങിയ പ്രൊപ്പോസൽ സമർപ്പിക്കണം.
കവറിനു പുറത്ത് ‘Social Media – 31st IFFK’ എന്ന് രേഖപ്പെടുത്തി സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരക മന്ദിരം, കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്, കഴക്കൂട്ടം, തിരുവനന്തപുരം – 695585 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ നൽകണം.
പ്രൊപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി: 2026 നവംബർ 19, വൈകിട്ട് 3 മണി.
