സർവീസ്
സഹകരണ
ബാങ്കിൽ നിക്ഷേപിച്ച
പണം തിരികെ
നൽകിയില്ല;
കുടുംബവുമായി
ബാങ്കിനു മുന്നിലെത്തി
പെട്രോൾ ഒഴിച്ച്
ഗൃഹനാഥന്റെ
ആത്മഹത്യാ ശ്രമം

കോട്ടയം : ഭാര്യയുടെ പേരിൽ കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യപ്പെട്ടിട്ടും തിരിച്ച് നൽകിയില്ല. കുടുംബവുമായി ബാങ്കിനു മുന്നിലെത്തി ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. മാന്നാർ മണലേൽ ബാബു തോമസാണ് മാന്നാറിലുള്ള ബാങ്ക് ഓഫീസിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴ്യാഴ്ച വൈകീട്ട് 3.45-ഓടെയാണ് സംഭവം.

ഭാര്യ അനില ബാബുവിനും നാലു മക്കൾക്കുമൊപ്പമാണ് ബാങ്കിലെത്തിയത്. അനില ബാബു നിക്ഷേപത്തുക ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാർ പണം നൽകാൻ തയ്യാറായില്ല. ഇതോടെ ഇവർ അവിടെ കുത്തിയിരുന്നു. ബാങ്ക് അടയ്ക്കുന്ന സമയത്ത് ബാങ്ക് അധികൃതർ പോലീസിനെ വിളിച്ചു വരുത്തി. ബാബുവിനെയും ഭാര്യയെയും അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഇതോടെ കൂടുതൽ പോലീസെത്തി. ഒപ്പം അഗ്‌നിരക്ഷാസേനയും എത്തി.

ബാബുവിനെ ബാങ്കിൽ നിന്ന് നീക്കാനുള്ള ശ്രമത്തിനിടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു. കയ്യിൽ കരുതിയ ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർ തടഞ്ഞ് ബാങ്കിന് വെളിയിലെത്തിച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങൾ ബാബുവിന്റെ ദേഹത്ത് വെള്ളം ഒഴിച്ചശേഷം ആദ്യം കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ബാങ്ക് അടച്ചെങ്കിലും ഭാര്യയും മക്കളും ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ബാബുവിന്റെ ഭാര്യയെ പിന്നീട് ആശുപത്രിയിലാക്കി. കുട്ടികളെ ബന്ധുവിനെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. നാല് വർഷം മുമ്പ് കാർഷിക സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപ അനില ബാബു നിക്ഷേപിച്ചിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും വിവിധകാരണം പറഞ്ഞ് വൈകിപ്പിക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിച്ചതെന്ന് അനില പറഞ്ഞു. നിരവധി സ്ഥലത്ത് പരാതി നൽകിയിട്ടും പ്രയോജനം ലഭിക്കാതിരുന്നതിനെത്തുടർന്നാണ് ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

മുൻപ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ മാസം 15,000 രൂപ വീതം ബാങ്ക് മാസംതോറും അനിലക്ക് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും 1500-ഉം 2000 രൂപയാണ് തന്നിരുന്നതെന്നും 2.83 ലക്ഷം രൂപ ഇനിയും ബാക്കി ലഭിക്കാൻ ഉണ്ടെന്നും അനില പറഞ്ഞു. സ്‌കൂൾ തുറക്കാറായെന്നും ജീവിക്കാൻ പോലും നിവൃത്തിയില്ലെന്നും കുഞ്ഞുങ്ങൾക്ക് ഡ്രസ്സ് വാങ്ങാൻ പോലും കയ്യിൽ പൈസ ഇല്ലെന്നും പറഞ്ഞു. തുക കിട്ടിയില്ലെങ്കിൽ കൂട്ട ആത്മഹത്യയ്ക്കാണ് തങ്ങൾ ബാങ്കിൽ എത്തിയതെന്നും ബാബു പറഞ്ഞു. 2019 മുതൽ ബാങ്ക് പ്രതിസന്ധിയിൽ ആണെന്നും ബാങ്കിൽ കിട്ടുന്ന പൈസ നിക്ഷേപകർക്ക് കുറേശ്ശെ കൊടുത്തു കൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് സിറോഷ് തോമസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!