തിരുവനന്തപുരം : സിപിഎം നേതാവും പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർ നടപടിയുമായി സിപിഎം. പാർട്ടി കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി ( ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) യാണ് അന്വേഷണം നടത്തുന്നത്.
പരാതിക്കാരിയുടെ മൊഴിയെടുപ്പ് അടക്കം പൂർത്തിയായതായാണ് വിവരം.*ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയാണ് സുരേഷ് ബാബുവിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഐസിസിയുടെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സുരേഷ് ബാബുവിനെതിരെ തുടർനടപടികൾ സ്വീകരിക്കുക.
പാലക്കാട് നടന്ന ജില്ലാ വിശാല നേതൃയോഗത്തിൽ ഇ എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഈ പരാതിയാണ് നടപടിക്ക് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരമൊരു പരാതി ലഭിച്ച കാര്യം സിപിഎം നേതാക്കൾ വെളിപ്പെടുത്താൻ കൂട്ടാക്കിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് ബാബു സ്വമേധയാ സ്ഥാനമൊഴിഞ്ഞു എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.
